റെയില്‍വേ പ്‌ളാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ചു :ഡ്രൈവര്‍ അറസ്റ്റില്‍


മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ പ്‌ളാറ്റ്‌ഫോമിലൂടെ പാഞ്ഞെത്തുന്ന ഓട്ടോ റിക്ഷയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സംഭവം മുംബൈ വിരാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് നടന്നത്. പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ഈ ഓട്ടോ ദൗത്യം.


പാസഞ്ചര്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു സ്ത്രീയും അവരുടെ ഭര്‍ത്താവും. കനത്തെ മഴയെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം വിരാര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതിനിടയില്‍ സ്ത്രീക്ക് പ്രസവവേദന തുടങ്ങി. ആകെ പരിഭ്രാന്തനായ ഭര്‍ത്താവ് സഹായം തേടി പലരേയും സമീപിച്ചു. സ്റ്റേഷന് പുറത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കാത്തിരുന്ന സാഗര്‍ കമാല്‍ക്കര്‍ ഗവാദിനെ കണ്ട് സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചു.


അംഗപരിമിതരുടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയെ സ്റ്റേഷന് പുറത്തെത്തിക്കാനുള്ള മാര്‍ഗവും പെട്ടെന്ന് ലഭ്യമായില്ല. ഗവാദ് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് നേരെ പ്ലാറ്റ്‌ഫോമിലേക്ക് കയറി സ്ത്രീ ഇരുന്ന കോച്ച്‌ ലക്ഷ്യമാക്കി ഓടിച്ചു. പ്‌ളാറ്റ്‌ഫോമിലൂടെ ഓട്ടോ വരുന്നത് കണ്ട് പലരും അമ്ബരന്നു. പോലീസുകാരും ഓടിയെത്തി. പക്ഷേ അപ്പോഴേക്കും ഗവാദ് സ്ത്രീ ഇരുന്ന കോച്ചിനടുത്തെത്തി. അവരെ ഓട്ടോയില്‍ എടുത്ത് നേരെ സഞ്ജീവനി ആശുപത്രിയിലേക്ക് പാഞ്ഞു. ഓട്ടോ ദൗത്യം സമയോചിതമായിരുന്നു. ആ സ്ത്രീ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ വൈകുന്നേരം ആയപ്പോള്‍ ഗവാദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. എന്നാല്‍ മാനുഷിക പരിഗണനയാണ് ഇതിന് പിന്നില്‍ എന്ന് മനസ്സിലാക്കി സ്‌റ്റേഷനിലെ പോലീസുകാരും അവിടെ എത്തിയവരും ഡ്രൈവറെ അനുമോദിച്ചു. കോടതിയില്‍ ഹാജരാക്കിയ ഗവാദിനെ മുന്നറിയിപ്പ് നല്‍കി മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിട്ടു. ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും നിയമം ലംഘിച്ചതിന് 154, 159 വകുപ്പുകള്‍ ഗവാദിന് മേല്‍ ചുമത്തി.



Sharing is Caring