ശ്രീധരന്‍പിള്ളയ്‌ക്ക്‌ ബാധ കയറിയതുപോലുണ്ടെന്ന്‌ പി പി മുകുന്ദന്‍


ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക്‌ ചില സമയങ്ങളില്‍ ബാധ കയറിയതുപോലെയാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍.


എന്തോ ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനമെന്നും പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്നും പി പി മുകുന്ദന്‍ പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കാതെ മാറ്റിയും മറച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ നിരാശയിലാക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതിയും ശരിയല്ല. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ല. ടോം വടക്കനെന്നല്ല ആര്‍ക്ക് വേണമെങ്കിലും ബിജെപിയില്‍ വരാം. ടോം വടക്കനെപ്പോലെയുള്ളവര്‍ കുറച്ച്‌ കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും മുകുന്ദന്‍ മീഡിയവണ്‍ ചാനലിനോട് പറഞ്ഞു.


യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബിജെപിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയം തന്നെയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.



Sharing is Caring