ശ്രീദേവിക്ക് ഇന്ന് യാത്രാമൊഴി;അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍

മുംബൈ > ദുബായിയില്‍ അന്തരിച്ച പ്രമുഖ നടി ശ്രീദേവിക്ക് ഇന്ന് യാത്രമൊഴി. ഇന്നലെ രാത്രി ഒമ്ബതരയോടെ ദുബായിയില്‍നിന്നും പടിഞ്ഞാറന്‍ അന്ധേരി ലോഖണ്ഡാവാലയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാമേഖലയിലെ നിരവധിപേരും അന്തിമോപചാരം അര്‍പ്പിച്ചു.

ബുധനാഴ്ച രാവിലെ അന്ധേരി സെലിബ്രേഷന്‍ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രമുഖരടക്കം ആയിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. 12. 30 വരെയാണ് ഇവിടെ പൊതു ദള്‍ശനത്തിനുവെക്കുക. സെലിബ്രേഷന്‍ ക്ലബ്ബിനുള്ളിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ക്ക് വിലക്കുണ്ട്. മൂന്നരയോടെ വിലേപര്‍ലെ സേവാ സമാജം ശ്മശാനത്തിലാണ് സംസ്കാരം. ഉച്ചക്ക് രണ്ടോടെ വിലാപയാത്ര പുറപ്പെടും.

കുളിമുറിയിലെ അപകട മരണമായതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കഴിഞ്ഞ് ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായത്. പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍നിന്ന് പകല്‍ രണ്ടിന് ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവനക്കാരും ഏറ്റുവാങ്ങിയ മൃതദേഹം മുഹൈസന എംബാമിങ് യൂണിറ്റില്‍ എംബാം ചെയ്യാന്‍ കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.30ന് പ്രത്യേകചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്. ഭര്‍ത്താവ് ബോണി കപൂര്‍, നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ അനുഗമിച്ചു.

അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയിലെ റാസല്‍ ഖൈമ എമിറേറ്റ്സില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിക്കുന്ന ജുമൈറ എമിറേറ്റ്സ് പാലസ് ഹോട്ടലിലെ 2201 അപാര്‍ട്മെന്റിലെ ബാത്ത്റൂമില്‍ വീണ് ശനിയാഴ്ച രാത്രി 11.30ഓടെയാണ് ശ്രീദേവി മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *