ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു


കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെയും പ്രതി ചേര്‍ത്ത വിവരം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.


അവധിയിലായിരുന്ന എസ്‌ഐ ദീപക് സ്റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എസ്‌ഐ അവധിയിലായിരുന്നതിനാല്‍ ഗ്രേഡ് എസ്‌ഐ ജയനന്ദനായിരുന്നു സ്റ്റേഷന്‍റെ ചുമതല. സംഭവം നടക്കുന്പോള്‍ സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്നയാള്‍ എന്ന നിലയ്ക്കാണ് ജയാനന്ദന്‍ പ്രതിയായത്. ജയാനന്ദന് പുറമേ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയും കൂടി അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


അതേസമയം കേസിലെ നിര്‍ണായകമായ എട്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജഐം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ഇവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.കേസുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യം അന്വേഷണ സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണ സംഘം മുന്നോട്ടുപോവുക.



Sharing is Caring