ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും


കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ മുന്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. ചൊവ്വാഴ്ച അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.


എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത് കൂടാതെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷമുള്ള ഫോണ്‍ കോള്‍ രേഖകളും അന്വേഷണ സംഘം പരിശോധിക്കും. കസ്റ്റഡിയില്‍ ശ്രീജിത്ത് മരണപ്പെട്ടതിന് ശേഷം ഫോണ്‍ രേഖകളില്‍ കൃത്രിമം നടന്നതായി സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള നീക്കം.


എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്താണ് ശ്രീജിത്ത് കസ്റ്റഡിയില്‍ മരണപ്പെടുന്നത്. വരാപ്പുഴയിലെ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എ.വി ജോര്‍ജിന്‍റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് (ആര്‍.ടി.എഫ്.) അംഗങ്ങളാണ്.അറസ്റ്റിലായ സി.ഐ ക്രിസ്പിന്‍ സാമിനെ ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും.



Sharing is Caring