ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ്: അറസ്റ്റ് ചെയ്യാന്‍ അനുമതി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചു. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കള്ളപണ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

കള്ളപ്പണ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും അറസ്റ്റ് ചെയ്യും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് രണ്ടാം പ്രതിയായ സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ അറസ്റ്റിന് അനുമതി നല്‍കി.

ഇതിനിടെ കള്ളപണ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇ.ഡിയുടെ മറുപടിയ്ക്കായി ഹൈക്കോടതി മാറ്റി. അടുത്ത മാസം രണ്ടിനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കറിനായി അന്ന് സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹരജി നല്‍കിയത്.

ഇതിനിടെ വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയേയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. നാളെ പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *