ശശികലയെ കാണാന്‍ ദിനകരന്‍ ജയിലില്‍


അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയെ കാണാന്‍ ടിടിവി ദിനകരന്‍ ജയിലിലെത്തി. ഫെബ്രുവരി 2ന് ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച.


പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയ ദിനകരന്‍ ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തന്ത്രം സംസ്ഥാനത്തെ മറ്റിടങ്ങളിലും വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഏപ്രിലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഇത് മുന്നില്‍ക്കണ്ടാണ് ദിനകരന്റെ ജനസമ്പര്‍ക്ക യാത്ര.


ഫെബ്രുവരി 2ന് ആരംഭിക്കുന്ന ആദ്യഘട്ട യാത്രയില്‍ തിരുവിടമരുതൂര്‍, കുളന്തായ്, തിരുവയ്യാറ്, പാപനാശം എന്നിവിടങ്ങള്‍ ദിനകരന്‍ സന്ദര്‍ശിക്കും. എടപ്പാടി പളനിസാമിക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്.

അതേസമയം, കമല്‍ഹാസനും ഫെബ്രുവരിയില്‍ പ്രചാരണയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് കമല്‍ഹാസന്റെ രാഷ്ട്രീയ യാത്ര. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രചാരണ യാത്ര റദ്ദാക്കി. പാര്‍ട്ടി ആസ്ഥാനത്ത് തന്നെ ജില്ലാതലം മുതല്‍ പഞ്ചായത്ത് തലം വരെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് പുതിയ തീരുമാനം.



Sharing is Caring