ഇന്ത്യയില്‍ പോകണം, അവിടെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കണം: മലാല


ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളുടേയും നാടകങ്ങളുടേയും ആരാധികയാണ് താനെന്നും മലാല പറഞ്ഞു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കവേയാണ് മലാല ഇക്കാര്യം അറിയിച്ചത്.


പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആഗോള നേതാക്കളും സിഇഒകളും മുന്നോട്ടിറങ്ങണമെന്നും സാമ്പത്തിക യോഗത്തില്‍ പങ്കെടുക്കവേ അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


ആഗോള തലത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തിനായി മലാല ഫണ്ട് എന്ന പേരില്‍ മലാലയ്ക്ക് ലഭിച്ച പണം ചെലവഴിക്കുന്നുണ്ട്. കൂടാതെ ഗുല്‍മാകയ് നെറ്റ്‌വര്‍ക് എന്ന പേരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

നെറ്റ്‌വര്‍ക് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ സന്തോഷമേയുള്ളുവെന്നും മലാല അറിയിച്ചു. ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനു മുമ്പ് ഇന്ത്യ നല്‍കിയിട്ടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇന്ത്യയില്‍ നിന്ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിരവധി കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്നും, പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ എത്തിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടു വരുമെന്നും ഇന്ത്യയില്‍ നിന്ന് ഒരു പെണ്‍കുട്ടി കത്ത് അയച്ചിരുന്നു. ഇത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ഭാവിയെ കുറിച്ച് മാത്രമല്ല, മറിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പദവിയിലേക്ക് എത്തിച്ചേരാനും ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാനും താത്പ്പര്യമുണ്ട്. പാക്കിസ്ഥാനെ കുറിച്ച് തനിക്ക് ആശങ്കയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring