ശബരിമലയില്‍ അക്രമം നടത്തിയ കേസില്‍ അറസ്റ്റുകള്‍ അവസാന ഘട്ടത്തില്‍; ഇതുവരെ അറസ്റ്റിലായത് 3557 പേര്‍

പത്തനംതിട്ട: ശബരിമലയില്‍ അക്രമം നടത്തിയ കേസില്‍ അറസ്റ്റുകള്‍ അവസാന ഘട്ടത്തില്‍. ഇതുവരെ അറസ്റ്റിലായത് 3557 പേര്‍. ഇന്നലെ മാത്രം പിടിയിലായത് 52 പേരാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 531 കേസുകളാണ്.

അതേസമയം ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

അതേസമയം, സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന കൂട്ട അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് അന്ന് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *