ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഓഗസ്റ്റ് 20ന് ശേഷവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഇതോടെ, ഇനിയും മഴ കിട്ടും എന്നതിനാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.


തുലാവര്‍ഷവും നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതേതുടര്‍ന്ന് ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ചേരാനിരുന്ന ഉന്നതാധികാര സമിതി യോഗം മാറ്റിവെച്ചു. തുലാവര്‍ഷം മോശമായാല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇടുക്കി, ശബരിഗിരി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ 40 മുതല്‍ 45 ശതമാനം വരെ ജലമാണ് ഇപ്പോഴുള്ളത്.




Sharing is Caring