വ്യവസായികളോട് ജനങ്ങള്‍ക്ക് ബഹുമാനമില്ലെന്ന് ബീന കണ്ണന്‍ ; ബഹുമാനം കിട്ടണമെങ്കില്‍ കയ്യിലിരിപ്പ് നന്നാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ വ്യവസായികളെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്നും കേരളത്തിന്റെ പുരോഗതിക്ക് ഞങ്ങള്‍ വഹിക്കുന്ന പങ്ക് പലരും വിലകുറച്ച്‌ കാണുകയാണെന്നുമുള്ള വ്യവസായിയും ഡിസൈനറുമായ ബീന കണ്ണന്റെ ചോദ്യത്തിന് ‘ബഹുമാനം ലഭിക്കണമെങ്കില്‍ കയ്യിലിരിപ്പ് നന്നാകണം’ എന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പരാതി പരിഹാരത്തിനായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോയായ ‘നാം മുന്നോട്ട്’ നടക്കവേയാണ് ഇത്തരമൊരു പരാതിയും രസകരമായ മറുപടിയും എത്തിയത്.

‘വ്യവസായികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവ് കേരള ജനത എല്ലാ കാലത്തും നല്‍കിയിട്ടുണ്ട്. ഇനി ആര്‍ക്കെങ്കിലും അവരുടെ കയ്യിലിരിപ്പുകൊണ്ട് ബഹുമാനം കിട്ടുന്നില്ലെങ്കില്‍ അതില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി നടത്തിയ ‘സുതാര്യ കേരളം’ പരിപാടിയുടെയും ഇ.കെ നയനാര്‍ മുഖ്യമന്ത്രിയായിരിക്കെ ദൂരദര്‍ശനില്‍ തുടങ്ങിവെച്ച ‘പരാരി പരിഹാര പരിപാടി’യുടെയും പരിഷ്‌കൃത രൂപമാണ് പിണറായി വിജയന്‍ മുഖ്യ അതിഥിയായി എത്തുന്ന ‘നാം മുന്നോട്ട്’. മാധ്യമപ്രവര്‍ത്തകയും എം.എല്‍.എയുമായ വീണാ ജോര്‍ജാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സംവാദ പരിപാടിയുടെ നിര്‍മ്മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *