‘വേണമെങ്കില്‍ എബിവിപിയില്‍ ചേര്‍ന്നോ’ഭീകരരെന്ന് മുദ്രകുത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പീഡനം


ഗൂഡല്ലൂര്‍ > എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീകരരെന്ന് മുദ്രകുത്തി പൊലീസ് പീഡനം.തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ എരുമാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളോടാണ് ഭീകരരോടെന്നപോലെ പൊലീസ് പെരുമാറിയത്. യൂണിറ്റ് രൂപീകരിക്കുകയും സംഘടനാപ്രവര്‍ത്തനം നടത്തുകയും ചെയ്തതിനാണ് കുട്ടികളെ പൊലീസ് പീഡിപ്പിച്ചത്. വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയ പൊലീസ് ‘എസ്എഫ്ഐ തീവ്രവാദി സംഘടനയാണ്, വേണമെങ്കില്‍ എബിവിപിയില്‍ ചേര്‍ന്നോ’ എന്ന് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയും മുഴക്കി.


ഒരുമാസം മുമ്പാണ് ഇവിടെ യൂണിറ്റ് രൂപീകരിച്ചത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനും തുടക്കമിട്ടു. ഇതിനിടയിലാണ് എസ്ഐമാരായ നിക്കോളാസും ശശിധരനും സ്കൂളിലെത്തി അഞ്ച് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയത്. എസ്എഫ്ഐ തീവ്രവാദിസംഘടനയാണെന്ന് നിങ്ങള്‍ക്കറിയില്ലേ, ഇനിയും പ്രവര്‍ത്തനം തുടര്‍ന്നാല്‍ കൈയും കാലും അടിച്ചൊതുക്കുമെന്നും കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞദിവസം രണ്ട് വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയ പൊലീസ് ഇതേ ഭീഷണി ആവര്‍ത്തിച്ചു. ഭാവി ജീവിതം ഇരുട്ടിലാകാതിരിക്കാന്‍ എസ്എഫ്ഐയില്‍നിന്നും മാറണം എന്നുപറയുകയും ചെയ്തു. പിന്നീടാണ് വേണമെങ്കില്‍ എബിവിപിയില്‍ ചേര്‍ന്നോ എന്നും ഉപദേശിച്ചത്.


എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് ഇടപെടലില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എരുമാട് ടൌണില്‍ പ്രകടനവും പൊതുയോഗവും നടത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തും പൊലീസ് പ്രകോപനം തുടരുകയാണ്. ഗൂഡല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എസ്എഫ്ഐക്ക് പിന്തുണ വര്‍ധിക്കുന്നതിനിടയിലാണ് പൊലീസ് പീഡനം.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തിയ സിപിഐ എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ എസ്എഫ്ഐ തമിഴ്നാട് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.



Sharing is Caring