ചേര്‍ത്തലയില്‍ വീണ്ടും ആര്‍എസ്എസ് ഭീകരത; യുവതിയെയും പിഞ്ചുകുഞ്ഞിനെയും വീട്ടില്‍കയറി ആക്രമിച്ചു

ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷററുടെ വീട്ടില്‍ കയറി ആര്‍എസ്എസുകാര്‍ ഭാര്യയെയും ഒരുവയസുള്ള കുഞ്ഞിനെയും പട്ടാപ്പകല്‍ ആക്രമിച്ചു. കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍പിടിച്ച് അക്രമികളിലൊരാള്‍ ഉയര്‍ത്തി. അമ്മയെ മര്‍ദിക്കുന്നതുകണ്ട് പേടിച്ച കുഞ്ഞ് വാവിട്ടു കരഞ്ഞു. അമ്മയെയും കുഞ്ഞിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പ്രദേശത്തെ സിപിഐ എം തോവിന്റെ വീട്ടില്‍ കയറിയും ആര്‍എസ്എസുകാര്‍ ഭീഷണിമുഴക്കി.

ചേര്‍ത്തല മുനിസിപ്പല്‍ 22ാം വാര്‍ഡില്‍ പുരുഷന്‍ കവലയ്ക്ക് സമീപം തെക്കേ പുത്തേഴത്ത് അഡ്വ. ദിനൂപ് വേണുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പകല്‍ പതിനൊന്നരയോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ അതിക്രമം കാട്ടിയത്. വീട്ടില്‍ ദിനൂപിന്റെ ഭാര്യയും ഡിവൈഎഫ്‌ഐ കരുവ മേഖലാ കമ്മിറ്റി അംഗവുമായ അനുപ്രിയയും മകന്‍ ആതിലും മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ അമ്മ ഉഷാദേവിയും ദിനൂപും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.

അകത്തുകടന്ന അക്രമികള്‍ അനുപ്രിയയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഉലയ്ക്കുകയും കുടുംബസമേതം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും ഫേസ്ബുക്കില്‍ ആശയപ്രചാരണം നടത്തുന്നതും എന്തിനെന്ന് ചോദിച്ച് ചീത്തവിളിക്കുകയും ചെയ്തു. ഇനിയും അതെല്ലാം തുടരുമെന്ന് പറഞ്ഞപ്പോള്‍ തലയ്ക്ക്പിന്നില്‍ അടിച്ചു. തുടര്‍ന്നാണ് കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍പിടിച്ച് അക്രമികളിലൊരാള്‍ ഉയര്‍ത്തിയത്. കുഞ്ഞ് കരഞ്ഞപ്പോള്‍ അക്രമികള്‍ ബൈക്കില്‍കയറി സ്ഥലംവിട്ടു.

ഇവര്‍ രാവിലെയെത്തി ദിനൂപിനെ അന്വേഷിച്ച് പോയശേഷമാണ് അരമണിക്കൂറിനകം തിരിച്ചെത്തി ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് അനുപ്രിയ പറഞ്ഞു. ദിനൂപിന്റെ വീട്ടുവളപ്പില്‍ സൂക്ഷിച്ച രണ്ട് സ്‌കൂട്ടറുകള്‍ ഒരുവര്‍ഷത്തോളം മുമ്പ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.

സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗവും ചേര്‍ത്തല സഹകരണബാങ്ക് പ്രസിഡന്റും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ സി ആര്‍ സുരേഷിന്റെ വീട്ടില്‍ രാവിലെയെത്തിയ ആര്‍എസ്എസ് അക്രമികള്‍ ഭീഷണിമുഴക്കി. പുരുഷന്‍ കവലയില്‍ സിപിഐ എം സമ്മേളനം പ്രമാണിച്ച് സ്ഥാപിച്ച കൊടികള്‍ മാറ്റിയില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *