വേങ്ങര ഉപതെരഞ്ഞെടുപ്പ്: ലീഗിന്റെ വിമത സ്ഥാനാര്‍ഥി പത്രിക നല്‍കി

മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ എസ്‌ടിയു നേതാവ് അഡ്വ. കെ ഹംസ വിമതനായി പത്രിക നല്‍കി. മത്സരിക്കുന്നതിനെതിരായ നിരന്തര സമ്മര്‍ദ്ദങ്ങളും ഭീഷണികളും തള്ളിയാണ് ലീഗിന്റെ തൊഴിലാളി സംഘടനാനേതാവ് ഹംസ നാമനിര്‍ദേശപത്രിക നല്‍കിയത്. മലപ്പുറം കലക്‌ടറേറ്റില്‍ വരണാധികാരിയായ ഡെപ്യൂടി കലക്‌ടര്‍(എല്‍എ) സജീവ് ദാമോധര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കെ എന്‍ എ ഖാദറിന്റെ ബ്ലാക്ക് മെയിലിംഗ് രാഷ്ട്രീയത്തിനെതിരായാണ് താന്‍ മത്സരിക്കുന്നതെന്ന് ഹംസ വാര്‍ത്താലേഖകരോട് പറഞ്ഞു.

ലീഗ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയാണ് ഖാദര്‍ സ്ഥാനാര്‍ഥിത്വം നേടിയത്. ഈ ശൈലിക്കെതിരായാണ് താന്‍ രംഗത്തുവന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി അഡ്വ യു എ ലതീഫിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം തെറ്റായ മാര്‍ഗത്തില്‍ ഖാദര്‍ അട്ടിമറിക്കയായിരുന്നു. സാധാരണ ലീഗുകാര്‍ക്ക് വേണ്ടിയാണ് താന്‍ സ്ഥാനാര്‍ഥിയായിട്ടുള്ളത്. ഖാദര്‍ പിന്മാറി ഡമ്മിയായ അബ്‌ദുള്‍ ഹഖിനെ സ്ഥാനാര്‍ഥിയാക്കിയാലും താന്‍ വിട്ടുനില്‍ക്കാം. അതല്ലെങ്കില്‍ വേങ്ങരയില്‍ താനുണ്ടാകുമെന്നുറപ്പ്. ഭീഷണിക്കും സമ്മര്‍ത്തിനും ഉപരിയായി മത്സരിക്കാന്‍ നിരവധിപേരുടെ പിന്തുണയും ലഭിക്കുന്നതായും ഹംസ അറിയിച്ചു. എസ്‌ടിയു ജില്ലാ പ്രസിഡന്റായിരുന്ന ഹംസ മലപ്പുറം ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ്.

പ്രമുഖ ലീഗ് നേതാവും തീരൂര്‍ എംഎല്‍എയുമായിരുന്ന പി ടി കുഞ്ഞൂട്ടിഹാജിയുടെ മരുമകനായ ഈ അഭിഭാഷകന് വേങ്ങരയിലും പുറത്തുമായി രാഷ്ട്രീയ സ്വാധീനവും ബന്ധുബലവുമേറെയുണ്ട്. നിലവില്‍ എസ്‌ടിയു ജില്ലാ കൗണ്‍സില്‍ അംഗം, രണ്ടത്താണി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 1990ല്‍ ആദ്യത്തെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആതവനാട് ഡിവിഷനില്‍ മത്സരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *