വൃദ്ധ ദമ്പതികളുടെ കൊലപാതകം : മകൻ സനൽ പോലീസ് പിടിയിൽ

പാലക്കാട്: പുതുപെരിയാരത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ സനല്‍ പൊലീസിന്റെ പിടിയില്‍.മൈസൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേല്‍പ്പിച്ചത്.

ഇന്നലെയാണ് വൃദ്ധ ദമ്ബതികളായ 65കാരന്‍ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകള്‍ സൗമിനി ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലും ദേവിയുടേത് സ്വീകരണമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.

പാലക്കാട് എസ്പി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്നലെവരെ ഇവരോടൊപ്പമുണ്ടായിരുന്ന മകന്‍ സനലിനെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. മുംബൈയിലെ ഒരു ജുവലറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. കൊവി‌ഡിനെ തുടര്‍ന്ന് ഏറെ നാളായി സനല്‍ വീട്ടിലുണ്ട്. ഇയാള്‍ ബംഗളൂരുവിലേയ്ക്ക് കടന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *