വൃക്കദാനത്തിന് പ്രതിഫലമായി എട്ട് ലക്ഷം നല്‍കിയെന്ന് ഷാഫി; അപമാനിക്കലെന്ന് ലേഖ നമ്പൂതിരി


വൃക്കദാനത്തിന് പ്രതിഫലമായി ലേഖ നമ്പൂതിരിയ്ക്ക് താന്‍ എട്ടുലക്ഷം രൂപ നല്‍കിയെന്ന് വൃക്ക സ്വീകരിച്ച പട്ടാമ്പി സ്വദേശി ഷാഫി. അന്യമതസ്ഥയായ സ്ത്രീയില്‍ നിന്നും താന്‍ വൃക്ക സ്വീകരിച്ചത് അവയവദാനം പ്രോത്സാഹിപ്പിക്കാനാണെന്നും ഷാഫി പറയുന്നു.


സൗജന്യമായി വൃക്കദാനം ചെയ്തതിന് ശേഷം അടുത്തിടെ രോഗബാധിതയായ ലേഖ നമ്പൂതിരി തിരികെ ജീവിതത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരമൊരു വിവാദം തലയുയര്‍ത്തിയിരിക്കുന്നത്. തന്റെ വൃക്ക സ്വീകരിച്ചയാള്‍ പോലും പിന്നീടോ താന്‍ രോഗബാധിതയായ ശേഷമോ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ലേഖ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് വൃക്ക നല്‍കിയത് സൗജന്യമായല്ലെന്നും താന്‍ ലേഖയ്ക്ക് എട്ടുലക്ഷം രൂപ പ്രതിഫലം നല്‍കിയിരുന്നുവെന്നും ആരോപിച്ച് ഷാഫി രംഗത്തെത്തിയത്.


എന്നാല്‍, എട്ട് ലക്ഷം രൂപ നല്‍കി എന്ന ഷാഫിയുടെ അവകാശവാദം ലേഖ നിഷേധിച്ചു. സാമ്പത്തികമായി താനും പിന്നോക്കാവസ്ഥയിലായിരുന്നു. അതുകൊണ്ട് വൃക്കദാനത്തിനോടനുബന്ധിച്ച ചികിത്സാ ചെലവുകള്‍ വഹിച്ചത് ഷാഫിയാണ്, എന്നാല്‍ പണം താന്‍ ആവശ്യപ്പെട്ടിട്ടോ നല്‍കിയിട്ടോ ഇല്ലെന്നാണ് ലേഖ നമ്പൂതിരി പറയുന്നത്.



Sharing is Caring