വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും; സമാധാന വഴിയില്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും

സോള്‍: ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടെയും തലവന്‍മാര്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഈ മാസം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുക. ആണവനിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ യോഗത്തില്‍ ചര്‍ച്ചയാകുക. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയി യോങ്ങാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. യോങ്ങിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിലാണ് ഉച്ചകോടിയുടെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്. ആണവനിര്‍വ്യാപനത്തിനു ദക്ഷിണ കൊറിയയുമായും യുഎസുമായും സഹകരിക്കാനുള്ള സന്നദ്ധത കിം ജോങ് ഉന്‍ അറിയിച്ചതായി ചുങ് ഇയി യോങ് പിന്നീടു മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ യോഹ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ എഴുതിയ കത്തും കിമ്മിനു കൈമാറിയിരുന്നു.

നീണ്ട കാലത്തെ കടുത്ത വൈരം മറന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പലതവണ മാറ്റിവച്ച ശേഷം നടത്തിയ ഈ കൂടിക്കാഴ്ചയിലാണ് കൊറിയന്‍ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്. ഇതിന്റെ ഭാഗമായി ആണവ നിര്‍വ്യാപനത്തിനുള്ള സന്നദ്ധത ഉത്തര കൊറിയ യുഎസ്സിനെയും ദക്ഷിണ കൊറിയയെയും അറിയിച്ചിരുന്നു.

അതേസമയം, സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം ഇതുമായി ബന്ധപ്പെട്ടു കാര്യമായ നീക്കങ്ങളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനം പ്രസിഡന്റ് ട്രംപ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു കൊറിയകളുടെയും തലവന്‍മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *