കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് വെള്ളപ്പൊക്കത്തില്‍ നശിച്ചു; 176 കോടി രൂപയുടെ നഷ്ടം


ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് വെള്ളപ്പൊക്കത്തില്‍ നശിച്ചു. 176 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 27 സ്വകാര്യമില്ലുകളില്‍ സൂക്ഷിച്ചിരുന്ന നെല്ലാണ് നശിച്ചത്. 73 കോടി രൂപയുടെ അരിയും 39കോടിരൂപയും നെല്ലും സംഭരണച്ചെലവിനത്തില്‍ 64 കോടി രൈൂപയുമാണ് നഷ്ടം. ഇവ വേര്‍തിരിച്ചെടുത്ത് നശിപ്പിക്കുന്നതിനായി സപ്ലൈകോ, ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു.


എറണാകുളം ജില്ലയിലെ 24 ഉം ആലപ്പുഴ ജില്ലയിലെ രണ്ടും കോട്ടയം ജില്ലയിലെ ഒരു മില്ലിലും സൂക്ഷിച്ചിരുന്ന നെല്ലാണ് നശിച്ചത്. കര്‍ഷകരില്‍ സംഭരിച്ച നെല്ല്, കുത്തി അരിയാക്കാന്‍ മില്ലുകളില്‍ ഏല്‍പിച്ചതായിരുന്നു. ദിവസങ്ങളോളം വെള്ളം കയറിക്കിടന്നത് കാരണം കാലിത്തീറ്റക്ക് പോലും ഉപയോഗിക്കാനാകില്ല. വെള്ളമിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സപ്ലൈകോ ഇത് ഏറ്റെടുക്കാത്തതില്‍ മില്ലുടമകളും പ്രതിഷേധത്തിലാണ്.


പൂര്‍ണമായും ജീര്‍ണിച്ച നെല്ല് എന്തുചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. കൂട്ടിയിട്ട് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണമുണ്ടാക്കും. അതുകൊണ്ട് കുഴിച്ചിടാനാണ് ആലോചിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത നെല്ല് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ല. കര്‍ഷകര്‍ക്ക് ബാങ്കുകളാണ് പണം കൊടുത്തത്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് തുക ബാങ്കിന് കൈമാറേണ്ടിവരും. വെള്ളം കയറിയ നെല്ല് ഏറ്റെടുത്ത് നശിപ്പിക്കാന്‍ വൈകുന്നത് കേടുകൂടാത്ത നെല്ലില്‍ ക്രമക്കേട് നടക്കാനുള്ള സാധ്യതയും ഏറെയാണ്.



Sharing is Caring