വിസ്മയ കേസ് : പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിസ്മയയുടെയും കിരണിന്റേയും ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കയക്കും.

വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ വച്ചുണ്ടായ മർദ്ദനവും അന്വേഷിക്കാൻ ഐ.ജി നിർദേശം നൽകിയിട്ടുണ്ട്. സഹോദരൻ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് വിസ്മയ കമന്റ് ചെയ്തതും മരണ ദിവസത്തെ മർദ്ദനത്തിന് കാരണമായെന്നാണ് കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അതേസമയം, വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിശദമായ റിപ്പോർട്ട് പിന്നീട് മാത്രമേ പുറത്തുവരൂ. ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷമാണ് വിശദമായ റിപ്പോർട്ട് പുറത്തുവിടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *