ബെല്ലാരിയിലെ വെള്ളക്കടുവ ഇനി രാഹുല്‍ ഗാന്ധിയുടെ സംരക്ഷണത്തില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു വെള്ളക്കടുവയെ ദത്തെടുക്കുകയാണ് ബല്ലാരിയിലെയും വിജയനഗരയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.

ബെല്ലാരി മൃഗശാലയിലുള്ള ഈ കടുവയുടെ സംരക്ഷണം ഇനി ഒരു വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇവര്‍ വഹിക്കും. മൃഗശാലയിലേക്ക് ഒരു ലക്ഷം രൂപ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭാവന നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ 51ാം പിറന്നാള്‍ ദിനമായിരുന്ന ജൂണ്‍ 19 നാണ് ദത്തെടുക്കല്‍ നടന്നത്.

‘ രാഹുല്‍ ഗാന്ധിയുടെ പിറന്നാളിന് എന്തെങ്കിലും സാമൂഹ്യ സേവനം ചെയ്യണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനാല്‍ ഞങ്ങളുടെ നേതാവിന്റെ പേരില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മൃഗശാലയില്‍ നിന്നും ഒരു കടുവയെ ദത്തെടുക്കാന്‍ തീരുമാനിച്ചു,’ ബെല്ലാരി പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സിദ്ദു ഹസ്സിഗൂഡ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയില്‍ കര്‍ണാകയിലെ മൃഗശാലകളില്‍ സന്ദര്‍ശകരില്ലാത്തിനാല്‍ മൃഗങ്ങളെ പരിപാലിക്കാന്‍ അധികൃതര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനാല്‍ സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങളെ ആളുകള്‍ ദത്തെടുത്ത് ഇവയെ പരിപാലിക്കാനാവശ്യമായ ചെലവുകള്‍ വഹിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കര്‍ണാകടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവയെ ദത്തെടുത്തത്. അര്‍ജുന എന്നാണ് കടുവയുടെ പേര്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *