വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ ജീവനോടെ തീകൊളുത്തി. 85 ശതമാനം പൊള്ളലേറ്റ യുവ അദ്ധ്യാപിക ആശുപത്രിയില്‍ മരിച്ചു. പാകിസ്താനിന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. പതിനെട്ടുകാരിയായ മരിയ അബ്ബാസിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വീട്ടിലെത്തിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം മരിയയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഈ സമയം മരിയയുടെ അഞ്ച് വയസ് പ്രായമുള്ള സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മാതാപിക്കള്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കിടക്കുന്ന മരിയയേയാണ് കണ്ടത്. ഉടന്‍ തന്നെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മരിയ ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു.

മരിയ ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഉടമസ്ഥന്റെ മകനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ മരിയ ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലെത്തി മരിയയേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തി. എന്നാല്‍ അപ്പോഴും വിവാഹത്തിന് മരിയ സമ്മതിച്ചില്ല. ഇതിന് പിന്നാലെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയ യുവാക്കള്‍ മരിയയെ ജീവനോടെ കത്തിച്ചത്.













