പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പ് കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം


പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്ന കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ എംപിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ എന്‍ പീതാംബരക്കുറുപ്പ് ഹാജരാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ സംഘം പീതാംബരക്കുറുപ്പിന് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം കേസിലെ പ്രതികള്‍ പീതാംബരക്കുറുപ്പിനെതിരെ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.


ദുരന്തത്തിനിടയാക്കിയ കമ്പക്കെട്ടിന് അനുമതി ലഭ്യമാക്കാന്‍ കൊല്ലം മുന്‍ എംപി കൂടിയായിരുന്ന പീതാംബരക്കുറുപ്പ് ഇടപെട്ടെന്നാണ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്ര ന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് കഴിഞ്ഞ മാസം 30 നാണ് ആരംഭിച്ചത്. കേസില്‍ പ്രതികളായ പന്ത്രണ്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഉള്‍പ്പെടെ മൊഴി കേന്ദ്രസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ സ്ഥലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സംഭവത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീടാണ് ഇത് മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പാണെന്ന വിവരം പുറത്തുവന്നത്.




Sharing is Caring