വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍


തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തത തേടി സര്‍ക്കാരിനെ സമീപിക്കും. ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടിയാണ് കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. റിട്ടയേഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ് കരാറിനെ കുറിച്ച്‌ അന്വേഷിക്കുന്നത്.


സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ ആരെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ സിഎജി റിപ്പോര്‍ട്ട് ശരിയാണോ എന്ന് കണ്ടെത്താന്‍ അധികാരം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടെത്തലുകള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നുള്ള ആരോപണം പിന്നീട് ഉണ്ടാകരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി.


വിഴിഞ്ഞം കരാറില്‍ ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 2017 മെയ് 31 നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. കരാറില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.



Sharing is Caring