ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളുമായി ലുലു ഗ്രൂപ്പ് ലഖ്നൗവില്‍

ലഖ്നൗ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളുമായി ലുലു ഗ്രൂപ്പ്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ 2,000 കോടി രൂപ ചെലവിട്ട് ഷോപ്പിങ് മാള്‍ പണിയാനെരുങ്ങി അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്. ലഖ്നൗ എയര്‍പോര്‍ട്ട് റോഡിലെ ഷഹീദ് പാത്തിലാണ് 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഷോപ്പിങ് മാള്‍ ഉരുങ്ങുന്നത്.

11 മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍, 2,500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 20 റെസ്റ്റോറന്റുകള്‍, 200 ഓളം ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍, 2,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയും ലഖ്നൗവിലെ ലുലു മാളിലുണ്ടാകും. 2019 ഡിസംബറോടെ മാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതാണ് പദ്ധതിയെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച ‘യു.പി. നിക്ഷേപ സംഗമ’ത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് യൂസഫലി പദ്ധതി പ്രഖ്യാപിച്ചത്. നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ലുലു മാളിന്റെ മാതൃക പ്രദര്‍ശിപ്പിച്ച സ്റ്റാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യു.പി. ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് സംസ്ഥാനമന്ത്രിമാര്‍ എന്നിവരും മോദിയ്ക്കൊപ്പം സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തി. യു.പി. നിക്ഷേപസംഗമത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സെഷനില്‍ എം.എ. യൂസഫലി സംസാരിക്കും.

സംസ്ഥാനത്ത് 1,000 കോടിയുടെ നിക്ഷേപം നിലവിലുള്ള ലുലു ഗ്രൂപ്പിന് യു.പിയില്‍ ഭക്ഷ്യ സംസ്കരണ കയറ്റുമതി യൂണിറ്റുകളുണ്ട്. ഇതിനു പുറമെ രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ഷോപിങ്ങ്മാളുകള്‍ പണിയുന്നതിനും ആലോചിച്ചു വരുന്നു എന്നും ഇതിനുളള പ്രരംഭ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചു വരുന്നതായും എം എ യൂസഫലി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *