വിമാനം വൈകിയതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയ വിമാന വൈകലില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി. എയര്‍ ഇന്ത്യാ വിമാനം വൈകിയതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പാഴാക്കിയതില്‍ മുസ്ലിം ലീഗിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നത് ക്ഷീണമായതോടെയാണ് പുതിയ പ്രതികരണം.

രണ്ട് മുസ്ലീം ലീഗ് എംപിമാര്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പി വി അബ്ദുള്‍ വഹാബും കുഞ്ഞാലിക്കുട്ടിയും വോട്ട് പാഴാക്കിയതില്‍ ലീഗിലെ മുതിര്‍ന്ന നേതാക്കളും യൂത്ത് ലീഗും അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് വിമാനം വൈകലില്‍ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേതാക്കളും യൂത്ത് ലീഗും പ്രതിഷേധം അറിയിച്ചിരുന്നു. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യത്തില്‍ നിര്‍ണായക സമയത്ത് ഇത്തരത്തിലൊരു വീഴ്ച നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതിലാണ് പാണക്കാടെത്തി നേതാക്കള്‍ പ്രതിഷേധം അറിയിച്ചത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് തലേദിവസം തന്നെ ഡല്‍ഹിയില്‍ എത്താത്തതിനെകുറിച്ചുള്ള വിമര്‍ശം ഉള്‍ക്കൊള്ളുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അഞ്ച് മണിക്ക് വോട്ടിംഗ് അവസാനിക്കുമെന്നിരിക്കെ 5.10ന് ആണ് ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. വിമാനം വൈകിയതിനെ തുടര്‍ന്നാണ് എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താനാകാഞ്ഞതെന്നാണ് വിശദീകരണം. മനപ്പൂര്‍വ്വം വിമാനം വൈകിപ്പിച്ചെന്ന് ആരോപണവും ഉയര്‍ത്തിയിരുന്നു. വോട്ടിംഗ് ദിനം രാവിലെയാണ് ലീഗ് എംപിമാര്‍ ഡല്‍ഹിക്ക് തിരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *