ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതി അന്വേഷിക്കും

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിന്‍ മേലാണ് നടപടി. എന്‍സിപി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതിയാണ് പരിശോധിക്കുക.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ നടപടികള്‍ക്കായി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ഇന്നലെ കൈമാറിയിരുന്നു. എന്‍സിപിയിലെ ചേരിപ്പോര് ഉഴവൂര്‍ വിജയനെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സിപിയിലെ മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെ അദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നുവെന്ന് ഉഴവൂരിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ സതീഷ് കല്ലങ്കോട് ആരോപിച്ചിരുന്നു.

സുല്‍ഫിക്കര്‍ മയൂരിയടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു.
കായംകുളം സ്വദേശിയായ എന്‍സിപി നേതാവ് മുജീബ് റഹ്മാന്‍ എന്ന വ്യക്തിയോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്. പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സ്ഥീരികരിച്ചിട്ടുണ്ട്. ഈ സംഭാഷണം പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയായെന്നും ഇതില്‍ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചതായും ഉഴവൂര്‍ അറിയിച്ചിരുന്നതായി മൂജീബ് പറയുന്നു. മാനസികമായി ഊ സംഭാഷണത്തില്‍ തളര്‍ന്നു പോയതായും മുജീബ് വെളിപ്പെടുത്തുന്നു. പാര്‍ട്ടിയുടെ യൂത്ത് വിങും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *