വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും

അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബേ.

പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ സര്‍വീസ് നടത്താന്‍ പ്രോത്സാഹനമെന്ന നിലയില്‍ ഏവിയേഷന്‍ ഫ്യൂവലിന്റെ വാറ്റ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണമെന്ന ആവശ്യം എയര്‍ലൈന്‍ കമ്പനികള്‍ ഉന്നയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം നിരക്ക് യുക്തിസഹമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കും. മൂന്നു വര്‍ഷത്തിനകം ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ വലിയ വളര്‍ച്ചയാണുണ്ടായത്. 400 വിമാനങ്ങളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. മറ്റൊരു 400 വിമാനങ്ങള്‍ക്ക് കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നിരക്കിന്റെ കാര്യത്തില്‍ സെക്കന്റ് എസി ട്രെയിന്‍ ടിക്കറ്റിന്റെ നിരക്കിലാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

ഡല്‍ഹി- തിരുവനന്തപുരം നേരിട്ടുള്ള ഒരു സര്‍വീസ് കൂടി ഇന്‍ഡിഗോ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനിയുടെ പ്രസിഡണ്ട് ആദിത്യ ഘോഷ് പറഞ്ഞു. കോഴിക്കോട് – ദോഹ, കൊച്ചി – ദോഹ, കൊച്ചി – ബംഗ്‌ളൂരു എന്നീ സര്‍വീസുകളും ഉടനെയുണ്ടാകും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ശ്രീലങ്കന്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, കുവൈത്ത് എയര്‍, ഖത്തര്‍ എയര്‍വേയ്‌സ്, അലയന്‍സ് എയര്‍, എയര്‍ ആസ്ട്ര, സൗദി എയര്‍ലൈന്‍, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഏഷ്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ഗോഎയര്‍ തുടങ്ങി 20 എയര്‍ലൈന്‍ കമ്പനികളുടെ പ്രധാന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *