വിജയം സമ്മാനിച്ചത് ഭുവനേശ്വറിന്റെ ‘ടെസ്റ്റ് കളി’


ഭൂവനേശ്വര്‍ കുമാറിന് ഇത് സ്വപ്‌ന സാക്ഷാത്കാരം.ടെസ്റ്റ് മത്സരത്തിലേതുപോലെ ബാറ്റുവീശി ഏകദിനത്തില്‍ ആദ്യ അര്‍ധശതകവും കുറിച്ച് ഈ പേസര്‍, തോല്‍വിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ മുന്‍ നായകന്‍ ധോണിക്കൊപ്പം വിജയതീരത്തേയ്ക്ക് അടുപ്പിച്ചു.


ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറും ധോണിയും ക്രിസിലെത്തുമ്പോള്‍ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ തോല്‍വിയുടെ കയത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഇരുവരും ചെറുത്ത് നിന്ന് നേടിയ സെഞ്ചുറികുട്ടുകെട്ടില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി. ഭൂവനേശ്വര്‍ കുമാര്‍ 53 റണ്‍സുമായും ധോണി 45 റണ്‍സുമായി പുറത്താകാതെ നിന്നു.


ഏകദിനത്തിന് പറ്റയതല്ല എന്റെ ബാറ്റിങ്. കൂറ്റന്‍ സിക്‌സറൊന്നും ബാറ്റില്‍ നിന്ന് പറക്കില്ല. ഏകദിനത്തില്‍ അര്‍ധ ശതകം കുറിക്കുമെന്നും ടീമിന് വിജയത്തിലേയ്ക്ക് നയിക്കാനാകുമെന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
ക്രീസിലെത്തുമ്പോള്‍ സ്ഥിതിഗതികള്‍ എനിക്ക് അനുകൂലമായിരുന്നു. ടെസ്റ്റ് മത്സരത്തിന്റെ അവസ്ഥയായിരുന്നു. ടെസ്റ്റില്‍ കളിക്കുന്നതുപോലെ ബാറ്റ് ചെയ്യാന്‍ ധോണിയും ആവശ്യപ്പെട്ടെന്ന് കുമാര്‍ വെളിപ്പെടുത്തി.

ഇരുപതു പന്തുകളില്‍ ആറ് ബാറ്റ്‌സ്മാന്മാരുടെ തലയറുത്ത് സ്പിന്നര്‍ ധനഞ്ജയ സംഹാരതാണ്ഡവമാടുമ്പോളാണ് ഭുവനേശ്വര്‍ കുമാറും ധോണിയും ക്രീസിലെത്തുന്നത്. ഇരുവരും പൊരുതി നിന്ന് ധനഞ്ജയയുടെ ആക്രമണം തടഞ്ഞു.

തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് കളിക്കളത്തിലിറങ്ങിയത്.അതിനാല്‍ തുടക്കത്തില്‍ സമ്മര്‍ദം ഉണ്ടായില്ല. തുടക്കത്തില്‍ ധനഞ്ജയന്റെ പന്തുകള്‍ കളിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ പത്ത് പതിനഞ്ച് പന്തുകള്‍ നേരിട്ടതോടെ പ്രയാസമൊക്കെ മാറിയെന്ന് ഭൂവനേശ്വര്‍ പറഞ്ഞു.



Sharing is Caring