എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍. അഞ്ച് വട്ടം കിരീടം ഉയര്‍ത്തിയ വീനസ് സെമിയില്‍ ബ്രിട്ടീഷ് പ്രതീക്ഷയായിരുന്ന ജൊഹന്ന കോണ്ടയെ അനായാസം മറികടന്നാണ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. മറ്റൊരു സെമിയില്‍ ക്രൊയേഷ്യന്‍ താരം റൈബറികോവയെ പരാജയപ്പെടുത്തി സ്‌പെയിനിന്റെ ഗര്‍ബിനെ മുഗുരുസയും ഫൈനലിലേക്ക് മുന്നേറി. വീനസ് വില്ല്യംസ്- മുഗുരുസ ഫൈനലിനാണ് ഇത്തവണ കളമൊരുങ്ങിയത്.
വിംബിള്‍ഡണ്‍ സെമിയിലേക്ക് മുന്നേറി ചരിത്രമെഴുതിയ കോണ്ട മറ്റൊരു ചരിത്ര നേട്ടത്തിനും അരികിലായിരുന്നു. 1977 വിര്‍ജിന വെയ്ഡ് വിംബിള്‍ഡണ്‍ ഫൈനലിലെത്തിയ ശേഷം മറ്റൊരു ബ്രിട്ടീഷ് വനിതാ താരവും ഈ നേട്ടത്തിലെത്തിയിരുന്നില്ല. എന്നാല്‍ അഞ്ച് വട്ടം കിരീടം ഉയര്‍ത്തിയതിന്റെ മികച്ച റെക്കോര്‍ഡ് സ്വന്തമായുള്ള വീനസിന്റെ പരിചയ സമ്പത്തിന് മുന്നില്‍ ഒരു വെല്ലുവിളിയും തീര്‍ക്കാന്‍ കോണ്ടയ്ക്ക് സാധിച്ചില്ല. 6-4, 6-2 എന്ന സ്‌കോറിനാണ് വീനസ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കിയത്. കരിയറിലെ 11ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്കാണ് വീനസ് മുന്നേറിയത്. നേരത്തെ ഈ സീസണില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലിലും എത്താന്‍ വീനസിന് സാധിച്ചിരുന്നു. ആറാം വിംബിള്‍ഡണ്‍ ഫൈനലിലാണ് വീനസ് പ്രവേശിച്ചിരിക്കുന്നത്. 2009ന് ശേഷം ഇവിടെ കലാശപ്പോര് കളിക്കാനിറങ്ങുന്ന വീനസ് ആറാം കിരീടവും ഒപ്പം എട്ടാം ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ പട്ടവുമാണ് സ്വപ്നം കാണുന്നത്.
നേരത്തെ ആദ്യ സെമിയില്‍ സ്പാനിഷ് താരം ഗര്‍ബിനെ മുഗുരുസയും അനായാസ വിജയമാണ് സ്വന്തമാക്കിയത്. എതിരാളിയായ ക്രൊയേഷ്യന്‍ താരം റൈബറികോവ ഒരു വെല്ലുവിളിയും ഇല്ലാതെ തന്നെ കീഴടങ്ങിയത് സ്പാനിഷ് താരത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. സ്‌കോര്‍: 6-1, 6-1. കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്കും രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലേക്കുമാണ് മുഗുരുസ ടിക്കറ്റുറപ്പിച്ചിരിക്കുന്നത്. 2015ലാണ് ആദ്യ മുഗുരുസ ഇവിടെ ഫൈനല്‍ കളിച്ചത്. അന്ന് വീനസിന്റെ സഹോദരിയും ഗ്രാന്‍ഡ് സ്ലാം കിരീടത്തിലെ റെക്കോര്‍ഡുകാരിയുമായ സെറീനയ്ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്ന താരം. രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് മുഗുരുസ ലക്ഷ്യമിടുന്നത്. നേരത്തെ കഴിഞ്ഞ തവണ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടാന്‍ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു.













