വാര്‍ണര്‍ ഷോയില്‍ ഗുജറാത്ത് സിംഹങ്ങളെ കൂട്ടിലടച്ച സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ വിജയം


ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഷോയില്‍ ഗുജറാത്ത് സിംഹങ്ങളെ കൂട്ടിലടച്ച സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഒമ്പത് വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് െചയ്ത ലയണ്‍സിനെ 135 റണ്‍സിലൊതുക്കിയ സണ്‍റൈസേഴ്‌സ് 27 പന്തുകള്‍ ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 140 റണ്‍സെടുത്താണ് വിജയം കണ്ടത്. സണ്‍റൈസേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെയും അവര്‍ തോല്‍പ്പിച്ചിരുന്നു. അതേസമയം ഗുജറാത്ത് ലയണ്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും അവര്‍ പരാജയപ്പെട്ടു.


ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ താരതമ്യേന കുറഞ്ഞ ലക്ഷ്യമായ 136 റണ്‍സിലേക്ക് ബാറ്റേന്തിയ ഹൈദരബാദിനായി ഡേവിഡ് വാര്‍ണറും മോയിസസ് ഹെന്റിക്വസും പുറത്താകാതെ അര്‍ദ്ധസെഞ്ചുറി കണ്ടെത്തി. ഇരുവരും 12.2 ഓവറില്‍ നേടിയ 108 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് അനായാസ ജയം നേടിക്കൊടുത്തത്. വാര്‍ണര്‍ 45 പന്തില്‍ ആറ് ഫോറും നാല് സിക്‌സുമടക്കം 76 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക്വസ് 39 പന്തില്‍ 6 ബൗണ്ടറികളുടെ സഹായത്തോടെ 52 റണ്‍സടിച്ചു. ഒമ്പത് റണ്‍സെടുത്ത ശിഖര്‍ ധവാനെ പ്രവീണ്‍ കുമാര്‍ പുറത്താക്കി. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പന്ത് കൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ട് ഓവറില്‍ തമ്പി 21 റണ്‍സ് വിട്ടുകൊടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ലയണ്‍സ് അഫ്ഗാന്‍ താരം റഷിദ് ഖാന്റെ സ്പിന്നിന് മുന്നിലാണ് മുട്ടുമടക്കിയത്.


നാല് ഓവര്‍ എറിഞ്ഞ റാഷിദ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണ് ഗുജറാത്തിന്റെ ടോപ്പ്—സ്‌കോറര്‍. ജാസണ്‍ റോയ് 31ഉം ദിനേശ് കാര്‍ത്തിക് 30ഉം റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലവും അഞ്ച് റണ്‍സിനും ആരോണ്‍ ഫിഞ്ച് മൂന്ന് റണ്‍സെടുത്തും പുറത്തായി. 8 പന്തുകള്‍ നേരിട്ട അരങ്ങേറ്റക്കാരനും= മലയാളിയുമായ ബേസില്‍ തമ്പി 13 റണ്‍സുമായി പുറത്താകാതെ നിന്നു. റഷിദ് ഖാന് പുറമെ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റും വീഴ്ത്തി. റഷിദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.



Sharing is Caring