‘വാടക’പരാമര്‍ശം തോന്നല്‍; തെറ്റിപ്പോയെന്ന് പറയില്ല: പിണറായി


തനിക്കെതിരെ കരിങ്കൊടി കാട്ടിയത് ചില ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ വാടകയ്ക്കെടുത്തവരാണെന്നത് തന്റെയൊരു തോന്നലില്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തോന്നല്‍ തെറ്റിപ്പോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാശ്രയ പ്രശ്നം സംബന്ധിച്ച്‌ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
താന്‍ വാഹനത്തില്‍ വരുമ്ബോള്‍ റോഡിന്റെ ഇടതുവശത്തുകൂടി രണ്ട് സുഹൃത്തുക്കള്‍ ക്യാമറയും പിടിച്ച്‌ വരികയാണ്. അത് എന്താണെന്ന് ആലോചിച്ച്‌ വലതു വശം നോക്കിയപ്പോള്‍ കരിങ്കൊടിയുമായി രണ്ട് പേരെ കണ്ടു.ഇത്ര വലിയ സംഘടനയായ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ വെറും രണ്ട് പേര്‍ മാത്രമായി വരുമോ എന്ന് ആലോചിച്ചു. ചാനലുകളിലെ ചില വിരുതന്മാര്‍ ഇത്തരം പരിപാടികള്‍ നേരത്തെ ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് തനിക്ക് അത്തരം തോന്നലുണ്ടായെതെന്നും അദ്ദേഹം വിശദീകരിച്ചു.
തനിക്ക് തന്റേതായ അനുഭവങ്ങളുണ്ടെന്നും മുഖ്യമന്ത്രിയാകുന്നതിന് മുമ്ബും തനിക്ക് മാധ്യമങ്ങളെ അറിയാമെന്നും അത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.മുഖ്യമന്ത്രി എന്ന നിലയില്‍ വെറും തോന്നല്‍ വെച്ച്‌ ആരോപണം ഉന്നയിക്കാമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്റെ തോന്നല്‍ ഞാന്‍ പറയുമെന്നായിരുന്നു മറുപടി.
എന്റെ തോന്നല്‍ ഞാന്‍ പറഞ്ഞതിന് ശേഷം കോണ്‍ഗ്രസുകാര്‍ പറഞ്ഞു അവര്‍ തന്നെയാണ് വന്നതെന്ന്. പിന്നെ തനിക്ക് അതില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Sharing is Caring