സ്വാശ്രയ കോളേജുകള്‍ക്ക് ഉപാധികളോടെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം നടത്താന്‍ അനുമതി നല്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പ്രവേശന നടപടികള്‍ സര്‍ക്കാര്‍ അനുമതിയോടെ നടന്നതിനാലാണ് സുപ്രീം കോടതി ഇടപെടാത്തത്. എന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തായാകാത്ത സീറ്റുകളുണ്ടെങ്കില്‍ അവയില്‍ ഏകീകൃത കൗണ്‍സിലിങ് വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും കൗണ്‍സിലിങ് നിയമപരമാണോ എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രവേശന നടപടികള്‍ എല്ലാം പൂര്‍ത്തിയായി ക്ലാസുകള്‍ ആരംഭിച്ചുവെന്ന് സ്വകാര്യ കോളേജുകള്‍ കോടതിയെ അറിയിച്ചു.
അമൃത കല്പിത സര്‍വകലാശാല മെഡിക്കല്‍ പ്രവേശനത്തിനായി സ്വന്തം നിലയില്‍ നടത്തിയ കൗണ്‍സലിങ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്ത്തിയായതിനാലാണത്.
അതേസമയം മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിങ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇനി പ്രവേശനം നടക്കാനുള്ള സീറ്റുകളിലാണ് വിധി ബാധകമാവുക. എന്നാല്‍ കല്‍പ്പിത സര്‍വകലാശാലകളിലെ ഈ വര്‍ഷത്തെ കൗണ്‍സലിങ് കോടതി നിലനിര്‍ത്തി.
സംസ്ഥാന സര്‍ക്കാറിന്റെ കേന്ദ്രീകൃത കൗണ്‍സലിങ്ങിലൂടെ മാത്രമേ പ്രവേശനം നടത്താവു എന്നും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിവിധിക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്.













