വാക്‌സിനേഷനെതിരായ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുത്: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. കുറച്ച് പേര്‍ക്ക് രോഗം വരുന്നില്ലായിരിക്കാം. എന്നാല്‍ രോഗം വരുന്ന കുറച്ച് പേര്‍ക്ക് കൂടി പ്രതിരോധ ശക്തി നല്‍കി സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിനാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും. ഇത്തരം പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇതിനു പിന്നിലുള്ളവര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകവും കാലവും മാറുകയാണ്. രാജ്യത്തും ലോകത്തും നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അറിവുകളും വികസിക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകള്‍ നേടുന്നതിന് മുമ്ബുള്ള കാലത്ത് നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്ന് ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. എംആര്‍ വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒറ്റ വാക്്‌സിനിലൂടെ മീസില്‍സ്, റൂബെല്ല എന്നീ രണ്ടു രോഗങ്ങളെ ചെറുക്കാനുള്ള ആജീവനാന്ത സംരക്ഷണം നല്‍കുന്നതിനുള്ള കുത്തിവയ്പാണ് ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *