വയനാട് ഉരുള്‍പൊട്ടല്‍; മരണം സ്ഥിരീകരിച്ചത് 291


വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 291മരണം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. 29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ട്.


1,700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും. സൈന്യം, എന്‍ ഡി ആര്‍ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും.


ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജി വി എച്ച് എസ് എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്ററില്‍ പരിധിയിലെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തെരച്ചില്‍ തുടരും.



Sharing is Caring