വയനാട്ടില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍


വയനാട്: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ അയല്‍ക്കാരന്‍ അറസ്റ്റില്‍. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയെയാണ് കഴിഞ്ഞ ദിവസം അയല്‍ക്കാരനായ ബന്ധു വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത് . സംഭവത്തില്‍ സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃ സഹോദരനും അയല്‍ വാസിയുമായ ദേവസ്യയെയാണ് തലപുഴ പോലീസ് അറസ്റ്റ് ചെയ്തത്.


തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയ സിനി ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയി മടങ്ങി വന്നില്ല, തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്ത് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ മാനന്തവാടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശാന്തഗിരി മടത്താശേരി ബൈജുവിന്റെ ഭാര്യയാണ് സിനി, ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.




Sharing is Caring