വനിതാ ഹോസ്റ്റലിലേക്ക് ബലാത്സംഗ ഗുരുവിന്റെ തുരങ്കം; 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു; ഗുര്‍മീതിന് പടക്കം പൊട്ടിക്കാനെന്ന് അനുയായികള്‍


ബലാത്സംഗ ഗുരു ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ രണ്ട് രഹസ്യ തുരങ്കങ്ങള്‍ കൂടി കണ്ടെത്തി.


ഗുര്‍മീത് റാമിന്റെ വീട്ടില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്കാണ് തുരങ്കങ്ങളിലൊന്ന് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ നീളമുള്ളതാണ് രണ്ടാമത്തെ തുരങ്കം. ദേരാ ആസ്ഥാനത്ത് നിന്നാരംഭിച്ച് സാധ്വി നിവാസ് വരെ നീണ്ടുകിടക്കുന്ന തുരങ്കം രക്ഷാമാര്‍ഗമാണെന്നാണ് പൊലീസിന്റെയും സൈന്യത്തിന്റെയും അനുമാനം.
കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊലീസും സൈന്യവും ജില്ലാ അധികൃതരും ചേര്‍ന്ന് നടത്തുന്ന പരിശോധന രണ്ടാം ദിവസം കടന്നു. ദേരാ ആസ്ഥാനത്തിനകത്ത് അനധികൃത സ്‌ഫോടകവസ്തു ഫാക്ടറിയും സ്‌ഫോടകവസ്തുക്കളും അന്വേഷണസംഘം കണ്ടെത്തി. 85 പെട്ടി സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവ പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണെന്നാണ് ഗുര്‍മീത് അനുയായികള്‍ നല്‍കുന്ന വിശദീകരണം.


നൂറ് കണക്കിന് ജോഡി ചെരുപ്പുകള്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ ശേഖരം, നിറമുള്ള തൊപ്പികള്‍ തുടങ്ങിയവും തെരച്ചിലില്‍ കണ്ടെടുത്തു. പരിശോധന ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകള്‍, നിരോധിച്ച നോട്ടുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌കുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ അഞ്ച് പേരെ സിര്‍സയില്‍ നിന്നും രക്ഷപ്പെടുത്തി.
800 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ആശ്രമത്തില്‍ വെള്ളിയാഴ്ച്ച ആരംഭിച്ച തെരച്ചിലില്‍ നൂറിലധികം അര്‍ധസൈനികരും പൊലീസും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. അമ്പതോളം വീഡിയോഗ്രഫര്‍മാരും ഒരു ഡസനിലേറെ പൂട്ടുപൊളിക്കല്‍ വിദഗ്ധന്‍മാരും സംഘത്തിലുണ്ട്. രഹസ്യതുരങ്കങ്ങളും അറകളും കണ്ടെത്താന്‍ മണ്ണ് കുഴിക്കാനുള്ള യന്ത്രങ്ങളും സംഘം ഉപയോഗിക്കുന്നുണ്ട്.

കോടതി നിര്‍ദേശ പ്രകാരം ആശ്രമത്തില്‍ കഴിഞ്ഞിരുന്ന റാം റഹീമന്റെ അനുയായികളെ ഒഴിപ്പിച്ചു കൊണ്ടായിരുന്നു പരിശോധന. സൈന്യവും പൊലീസും സിര്‍സയിലെ ആസ്ഥാനം വളഞ്ഞു. 800 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ആശ്രമത്തില്‍ ബോംബ് സ്‌കോഡ് അടക്കമുള്ള സായുധ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. കനത്ത സുരക്ഷയാണ് സിര്‍സയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പൊലീസിനു പുറമെ ഡോഗ് സ്‌ക്വാഡിന്റെ പിന്തുണയോടെ 41 കമ്പനി അര്‍ദ്ധസൈനികരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ പീഡിപ്പിച്ചകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീതിനെ 20 വര്‍ഷം കഠിനതടവും രണ്ട് കേസുകളിലായി 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധി വന്നതിന് പിന്നാലെ ഉണ്ടായ കലാപത്തില്‍ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിര്‍സയിലും മരിച്ചത്. 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



Sharing is Caring