മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വീട്ടില്‍ റെയ്ഡ്; നടപടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കേസിലെന്ന് സിബിഐ


മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ ചെന്നൈയിലുള്ള വീട്ടില്‍ സിബിഐ റെയ്ഡ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഔദ്യോദിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് റെയ്‌ഡെന്ന് സിബിഐ വ്യക്തമാക്കി.


63 കാരിയായ ജയന്തി നടരാജന്‍ രണ്ടാം യുപിഎ ഭരണകാലത്ത് 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയാണ് വനം പരിസ്ഥിതി മന്ത്രിയായിരുന്നത്. ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ വനസംരക്ഷണം നിയമം അട്ടിമറിച്ച് 55.79 ഹെക്ടര്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന കേസ് ജയന്തി നടരാജനെതിരെ നിലവിലുണ്ട്.


30 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ജയന്തി 2015 ജനുവരിയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിരുന്നു. ഒഡീഷയില്‍ ഖനനഭീമനായ വേദാന്തയ്ക്ക് അനുമതി നിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചെന്നും ഇത് അനുസരിക്കേണ്ടി വന്നെന്നും ജയന്തി പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വകുപ്പില്‍ ഇടപെട്ടെന്ന് ജയന്തി ആരോപിച്ചിരുന്നു.



Sharing is Caring