വനിതാ ഡപ്യൂട്ടി കളക്ടര്‍ക്ക് നേരെ ഭരണകക്ഷി എംഎല്‍എയുടെ അസഭ്യവര്‍ഷം


വനിതാ ഡപ്യൂട്ടി കളക്ടര്‍ക്ക് നേരെ സിപിഎം എംഎല്‍എയുടെ അസഭ്യവര്‍ഷം. ഡപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എം.എല്‍.എ സികെ ഹരീന്ദ്രന്‍ അസഭ്യം പറഞ്ഞത്. ‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്’ എന്നായിരുന്നു എം എല്‍ എയുടെ അസഭ്യവര്‍ഷം തുടങ്ങിയത്.
കഴിഞ്ഞ ദിവസം മാരായമുട്ടത്തുണ്ടായ ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിലാണ് എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് ശകാരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചു മാത്രമെ തനിക്ക് പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.
പിന്നീട്, സര്‍ക്കാരിനോട് പറഞ്ഞ് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് എംഎല്‍എ തന്നെ പറയുകയായിരുന്നു. എംഎല്‍എ വളരെ മോശമായാണ് പെരുമാറിയതെന്നും ദുഖമുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സില്ലാത്ത ക്വാറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇതില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു.




Sharing is Caring