വടകര മോര്‍ഫിംഗ് കേസ് വഴിത്തിരിവില്‍;46,000 സ്ത്രീകളുടെ ചിത്രങ്ങള്‍ കൈവശം ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്

വടകര:വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് നടത്തിയ കേസില്‍ വഴിത്തിരിവ്. വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് ചെയ്ത് ഒളിവില്‍ പോയ പ്രതി സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബിബീഷിന്റെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.

ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ശീലചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്ത്രീകളെ ബ്ലാക്ക് മെയ്ല്‍ ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് . സ്ഥാപനത്തിന്റെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പ്രതിയെ ഇവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബിബീഷിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ ആരുടെയൊക്കെ ചിത്രങ്ങളാണുള്ളതെന്ന് വ്യക്തമല്ലാത്തതിനാല്‍ നാട്ടുകാരും ആശങ്കയിലാണ്.

നേരത്തെ ബിബീഷ് മോര്‍ഫിങ്ങ്,നടത്തി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചിത്രങ്ങള്‍ മോര്‍ഫ് നടത്തിയശേഷം അതേ ചിത്രങ്ങള്‍ ഉടമകള്‍ക്ക് സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കും. പിന്നീട് ഇതുപയോഗിച്ച്‌ അവരെ ബ്ലാക്ക് മെയില്‍ ചെയ്യും.ഇത്തരത്തില്‍ നിരവധിപ്പേരെ ഇങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളിലെ ആറു പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *