കൊച്ചി: നഗരത്തില്‍ ഓടുന്ന ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരനെയും കൊണ്ട് അര മണിക്കൂറോളം ബസ് യാത്ര തുടര്‍ന്ന സംഭവത്തില്‍ പോലീസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും. വിശദമായ അന്വേഷണത്തിനും മൊഴിയെടുക്കലിനും ശേഷമാണ് യാത്രക്കാരന്റെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. സംഭവമുണ്ടായ ‘ചെന്താര’ എന്ന ബസ് കസ്റ്റഡിയിലെടുക്കും.
ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞാണ് ബസ് ജീവനക്കാര്‍ അബോധാവസ്ഥയിലായ വയനാട് സ്വദേശി ലക്ഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ചത്. കണ്ടക്ടര്‍ക്കെതിരെ വൈദ്യ സഹായം നല്കുന്നതില് വീഴ്ച വരുത്തിയതിന് 304എ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. നേരത്തെ ബന്ധുക്കളുടെ പരാതി പ്രകാരം എളമക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

പോലീസ് ജീവനക്കാരുടേയും യാത്രക്കാരുടെയും ആശുപത്രി അധികൃതരുടേയും മൊഴി എടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. എം.ജി റോഡില്‍ നിന്നും ആലുവക്കുള്ള ബസില്‍ കയറിയ ലക്ഷ്മണന് ഷേണായീസിനടുത്തെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.
സീറ്റില്‍ കുഴഞ്ഞു വീണ ഇദ്ദേഹം അപസ്മാരത്തിന്റെ ലക്ഷണങ്ങളും കാണിച്ചിരുന്നു. എന്നിട്ടും ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ബസ് ഇടിച്ചതല്ലോ കാരണം എന്നു പറഞ്ഞ് ബസ് യാത്ര തുടരാന്‍ കണ്ടക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ആറോളം ആശുപത്രികള്‍ക്കു മുന്നിലൂടെ ബസ് യാത്ര ചെയ്തെങ്കിലും ഇവിടെയൊന്നും ലക്ഷ്മണനെ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.
അര മണിക്കൂറോളം യാത്ര ചെയ്ത് ഇടപ്പള്ളിയിലാണ് ലക്ഷ്മണനെ ഇറക്കിവിടാന്‍ ബസ് ജീവനക്കാര്‍ തയ്യാറായത്. അനില്‍ കുമാര്‍ എന്ന യാത്രക്കാരന് ബഹളം വച്ചതിനേത്തുടര്‍ന്നാണ് ഇടപ്പള്ളി പള്ളിക്കുമുന്നില്‍ ഇരുവരേയും ഇറക്കിവിട്ടത്. പിന്നീട് ആംബുലന്‍സ് വിളിച്ച് ലക്ഷ്മണനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചു.













