വഞ്ചിയൂർ സബ് ട്രഷറിയിലെ പണംതട്ടിയ കേസ്; പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവിൽ

തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവിൽ. ഇവർക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്താൻ ട്രഷറി ജോയിന്റ് ഡയരക്ടർ വിജിലൻസ് നാളെ തീരുമാനമെടുക്കും. അന്വേഷണത്തിന് ധനമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ട്രഷറിയിൽ ഉപയോഗിക്കുന്ന സോഫ്റ്റുവെയറിൽ പോരായ്മകൾ ഏറെയാണ്.

സംഘടിതമായി പണം തട്ടാനുള്ള പഴുതുണ്ട്. തുക രേഖപ്പെടുത്തി മറ്റൊരു അക്കൗണ്ടിലേക്ക് പോയാലും അതേ തുക ട്രഷറിയിൽ ശേഷിക്കുന്നതായി കാണിക്കാറുണ്ട്. ഇതിന്റെയെല്ലാം മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. കൂടുതൽ പേർ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. രണ്ട് കോടി രൂപ തന്റെ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയാണ് ബിജുലാൽ തട്ടിപ്പ് നടത്തിയത്. ഇതിൽ നിന്ന് 62 ലക്ഷം രൂപ പിന്നീട് സ്വകാര്യബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റി. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *