ലോ അക്കാദമി സമരം കത്തിച്ചത് സര്‍ക്കാരും മാനേജ്‌മെന്റുമെന്ന് കാനം


തിരുവനന്തപുരം: കേരള ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരേ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം കത്തിച്ച് വലുതാക്കിയത് സര്‍ക്കാരും മാനേജ്‌മെന്റുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ജനകീയ സമരങ്ങളോടു മുഖം തിരിച്ചാല്‍ എന്താകുമെന്ന് നന്ദിഗ്രാമില്‍ കണ്ടതാണ്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാനാവില്ല. ഞങ്ങളാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും പേരെടുത്തു പറയാതെ സി.പി.എമ്മിനെ വിമര്‍ശിച്ചു കൊണ്ട് കാനം പറഞ്ഞു.


ലോ അക്കാദമി സമരത്തിന്റെ തുടക്കം മുതല്‍ സി.പി.ഐ- സി.പി.എം പോര് തുടങ്ങിയിരുന്നു. ഇടയ്ക്ക് എസ്.എഫ്.ഐ സമരം അവസാനിച്ചപ്പോള്‍ ഇത് ഒന്നുകൂടി വര്‍ധിച്ചു. എന്നാല്‍ അക്കാദമിക്കെതിരേ ശക്തമായ നിലപാടിനൊരുങ്ങി തന്നെയാണ് സി.പി.ഐ രംഗത്തുണ്ടായിരുന്നത്. ഇതിനിടെ സര്‍ക്കാരിന്റെ മുഖം കെടുത്താന്‍ സി.പി.ഐ ശ്രമിക്കുന്നെന്നാരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു.



Sharing is Caring