ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി

പേരൂര്‍ക്കട ലോ അക്കാദമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയുടെ 28 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച കവാടം പൊളിച്ചുമാറ്റി. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ റിപ്പോര്‍ട്ടില്‍ നിയമ ലംഘനം എന്ന് സൂചിപ്പിച്ചിരിക്കുന്ന മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. കോളേജ് അവശ്യത്തിനുപയോഗിച്ചിട്ടില്ലാത്ത ആറരയേക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ക്യാമ്പസിനു പുറത്ത് അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള പത്തുസെന്റിലെ ഇരുനില കെട്ടിടം നിര്‍മ്മിച്ചത് പൂര്‍ണമായ വ്യവസ്ഥാ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഈ കെട്ടിടത്തില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയും ലക്ഷ്മി നായര്‍ തനിക്കുതന്നെ വാടകയ്ക്ക് നല്‍കി നടത്തുന്ന ‘ചെറുകട’ എന്ന ഹോട്ടലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സെന്ന വ്യാജേന എട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതില്‍ അഞ്ചെണ്ണം അടുക്കളയോടുകൂടിയ വീടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇവിടെ താമസിക്കുന്നവരിലധികവും അനധികൃതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കളിസ്ഥലത്തിനു സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി കിടക്കുന്ന നാലേക്കര്‍ ഭൂമിയില്‍ വാഴക്കൃഷിയുണ്ടെന്നും വിദ്യാഭ്യാസ ആവശ്യത്തിന് അനുവദിച്ച ഭൂമി കാര്‍ഷിക ആവശ്യത്തിന് ഉയോഗിച്ചതും വ്യവസ്ഥാ ലംഘനമാണെന്നും റവന്യൂ സംഘം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇവയിലൊന്നും നിലവില്‍ റവന്യൂ വകുപ്പ് തീരുമാനം എടുത്തിട്ടില്ല. എന്ത് തീരുമാനം എടുക്കണമെന്ന് മന്ത്രിയോ റവന്യൂസെക്രട്ടറിയോ നിര്‍ദ്ദേശം നല്‍കിയിട്ടുമില്ല. അതുകൊണ്ടു തന്നെ ചട്ടലംഘനം എന്നുകണ്ടെത്തിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ല. കൂടാതെ അന്ന് കാബിനറ്റ് തീരുമാനത്തിന്റെ അടിസഥാനത്തില്‍ ഭൂമി അനുവദിച്ചതിനാല്‍ കാബിനറ്റ് തീരുമാനത്തിലൂടെ മാത്രമേ ഭൂമി തിരിച്ചുപിടിക്കാനാകൂ എന്ന നിലപാടിലാണ് മന്ത്രിസഭ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *