ലോകകപ്പ് ക്വാര്‍ട്ടര്‍ ജയിപ്പിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടു എന്ന് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍

download (3)ദില്ലി: 2015ലെ ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യ ജയിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ സഹായം കൊണ്ടാണെന്ന് ഐ സി സിയുടെ ബംഗ്ലാദേശുകാരനായ മുന്‍ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വിവാദ വെളിപ്പെടുത്തല്‍.

ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളില്‍ ചെയ്യുന്ന അതേ ലാഘവത്തോടെയാണ് ശ്രീനിവാസന്‍ അന്താരാഷ്ട്ര മത്സരങ്ങളിലും പ്രവര്‍ത്തിച്ചതെന്നും കമാല്‍ ക്രിക്കറ്റ് നെക്സ്റ്റ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ ബംഗ്‌ളാദേശില്‍ ആസൂത്രണ വകുപ്പ് മന്ത്രിയാണ് കമാല്‍.

ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം രാജിവെക്കുകയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ബംഗ്ലാദേശിലുള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. അവര്‍ എന്നെ മനസ്സിലാക്കിയില്ല. ചിലര്‍ കരുതിയത് ഞാന്‍ ഇന്ത്യക്കെതിരെ എന്തോ പറയുകയാണെന്നാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും ഇന്ത്യക്കെതിരെ ഒരു പ്രശ്‌നവും ഉന്നയിച്ചില്ല.

ആ കളി നീതിപൂര്‍വ്വമായിരുന്നില്ല. ഇന്ത്യന്‍ കളിക്കാര്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിവുണ്ടായിരുന്നില്ല. എല്ലാം ഐ.സി.സിയുടെ തീരുമാനമായിരുന്നു. ആരാണ് ഐ.സി.സിയെ നിയന്ത്രിക്കുന്നത്. ഞാന്‍ ഒന്നും തെറ്റായി ചെയ്തില്ല. പിന്നെ ആര്. മറ്റാരുമല്ല ചെയര്‍മാനായ ശ്രീനിവാസന്‍. ആ മത്സരദിവസം എന്തുകൊണ്ടാണ് സ്‌പൈഡര്‍ കാമറ അവിടെ ഇല്ലാതിരുന്നത്. എന്തുകൊണ്ടാണ് കളിയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നത്. എന്തുകൊണ്ടാണ് വലിയ സ്‌ക്രീന്‍ ഉപയോഗിക്കാതിരുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് മത്സരമല്ലാതെ കാമറ ഇല്ലാതെ മെല്‍ബണില്‍ വേറെ കളിനടന്നിട്ടുണ്ടോ, കളി ഇന്ത്യ ജയിച്ചു, ബംഗ്ലാദേശ് തോറ്റു. അടുത്ത കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഇതെല്ലാം അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് സംഭവിച്ചത്. ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാമറ ഒഴിവാക്കിയത്-കമാല്‍ പറയുന്നു

ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരത്തിനിടെ രോഹിത് ശര്‍മ പുറത്തായ പന്ത് അംപയര്‍ നോബോള്‍ വിളിച്ചതിനെതിരെ കമാല്‍ രംഗത്ത് വന്നിരുന്നു. അംപയറിംഗിലെ പിഴവാണ് ബംഗ്‌ളാദേശിന്റെ തോല്‍വിക്ക് കാരണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ആസ്‌ട്രേലിയയ്ക്ക് ട്രോഫി സമ്മാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് മുസ്തഫ കമാല്‍ ഐ.സി.സി പ്രസിന്റ് സ്ഥാനം രാജിവച്ചത്. ഇത്തവണ വിജയികളായ ആസ്‌ട്രേലിയയ്ക്ക് ലോകകപ്പ് സമ്മാനിച്ചത് ഐ.സി.സി ചെയര്‍മാനായ ശ്രീനിവാസനാണ് ട്രോഫി കൈമാറിയത്. എന്നാല്‍ പ്രസിഡന്റെന്ന നിലയില്‍ തനിക്കായിരുന്നു ഇതിന് അവകാശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമാലിന്റെ രാജി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *