ലോകം ക്ഷാമ ഭീതിയില്‍; നാല് കോടി ജനങ്ങള്‍ ഭീഷണിയിലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം

ആഗോളതലത്തില്‍ 43 രാജ്യങ്ങളിലായി നാല് കോടിയില്‍ അധികം ജനങ്ങള്‍ ക്ഷാമ ഭീതി നേരിടുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം. നിലവില്‍ 41 ദശലക്ഷം പേര്‍ ക്ഷാമത്തിന്റെ ഭീഷണി നേരിടുമ്പോള്‍ ആറ് ലക്ഷത്തിലധികം വരുന്ന ജനവിഭാഗം ക്ഷാമത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ലോകത്തെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ തന്നെ ബാധിച്ചിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവുമാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. സാധനങ്ങളുടെ വിലക്കയറ്റം പട്ടിണിയുടെ തോത് വര്‍ദ്ധിപ്പിച്ചു. വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു.

‘2021 നമ്മള്‍ അഭിമുഖീകരിക്കാന്‍ പോവുന്നത് ഭീകരമായ ഒരു സാഹചര്യത്തെയാണ്. ക്ഷാമം പോലുള്ള അവസ്ഥ നിലനില്‍ക്കുന്ന നാല് രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്ക് മുന്നിലുണ്ട്. ഇതിന് അപ്പുറം 41 ദശലക്ഷം ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ഷാമത്തിന്റെ പടിവാതിലില്‍ നിക്കുകയാണ്.’ ഡബ്ല്യുഎഫ്പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്‌ലി വ്യക്തമാക്കുന്നു.

എത്യോപിയ, മഡഗാസ്‌കര്‍, സൗത്ത് സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷാമത്തിന് സമാനമായ അവസ്ഥയിലാണ്. നൈജീരിയ, ബുര്‍ക്കിന ഫസോ എന്നിവിടങ്ങളും സമാനമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. 584,000 പേര്‍ ഇതിനോടകം ഈ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. 43 രാജ്യങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണ്ട സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി മറികടത്താന്‍ അറുപതിനായിരം കോടി ഡോളര്‍ അത്യാവശ്യമായി വേണ്ടിവരുമെന്നും ഡബ്ല്യുഎഫ്പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

വിശപ്പ് ഒരു പ്രതിസന്ധി ആയിരുന്നതില്‍ നിന്നും പതിറ്റാണ്ടുകളായി ലോകം കരകയറി വരികയായിരുന്നു. 2016 ന് ശേഷം വീണ്ടും സാഹചര്യങ്ങള്‍ മാറി. ആഗോള, ആഭ്യന്തര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതും കാലാവസ്ഥാ വ്യതിയാനവുമാണ് പ്രശ്‌നം ഗുരുതരമാക്കിയത്. 2019 ല്‍ 27 ദശലക്ഷം പേരാണ് ക്ഷാമ ഭീഷണി നേരിട്ടത്. ഇതിനിടെ കൊവിഡ് മഹാമാരി കൂടിയെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. ഭക്ഷ്യ വില സൂചിക ഇക്കഴിഞ്ഞ മേയില്‍ പതിറ്റാണ്ടിലെ തന്നെ എറ്റവും ഉയര്‍ന്ന നിലയിലെത്തി. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ 40 ശതമാനം വര്‍ധനയാണ് നേരിട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *