ബത്തേരിയില്‍ ജാനുവിന് 25 ലക്ഷം കൈമാറി: പണം തുണിസഞ്ചിയില്‍; മുകളില്‍ ചെറുപഴമുണ്ടായിരുന്നു-പ്രസീത

കണ്ണൂർ: എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തി.

കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോൺസംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവർ പറഞ്ഞു.

പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷികൾക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആർജ്ജവമൊക്കെ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങൾക്കൊപ്പമുണ്ട്. എൻഡിഎയുമായി പാർട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരിൽ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു.

പാർട്ടിയുമായി ധാരണയുണ്ടാക്കുമ്പോൾ കെ.സുരേന്ദ്രൻ ചില വാക്കുകൾ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചർച്ചയിൽ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുൽത്താൻ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളിൽ പ്രവർത്തനം തുടങ്ങാനും പറഞ്ഞു. എന്നാൽ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോൾ, ബാലുശ്ശേരി തരാൻ പറ്റില്ല. അവിടെ ചില പ്രശ്നങ്ങളുണ്ട്. സുൽത്താൻബത്തേരിയിൽ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാർട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ എല്ലാ സന്നാഹത്തിന്റേയും എതിർപ്പാണ് ബത്തേരിയിൽ നിന്ന് നേരിട്ടത്.

സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തിൽ മത്സരിച്ചപ്പോൾ. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതൽ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സന്തോഷിക്കുന്ന ഏക സ്ഥാനാർഥി സി.കെ.ജാനുവാണ്.

എത്ര വേണമെങ്കിലും പണം തരാൻ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞോളൂവെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പം നിന്നാൽ കൂടുതൽ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാൻ പാർട്ടി എന്നെയാണ് ഏൽപ്പിച്ചത്’പ്രസീത പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *