ലൈംഗികാരോപണ കേസ്: പി ശശി കുറ്റവിമുക്തന്‍, പരാതി അടിസ്ഥാനരഹിതമെന്ന് കോടതി

കണ്ണൂര്‍: വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയ ലൈംഗികാരോപണ കേസില്‍ സിപിഐഎം മുന്‍നേതാവ് പി ശശി കുറ്റവിമുക്തനായി. സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരായ ലൈംഗികാരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കോടതി വിധിച്ചു. പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി പി ശശിയെ കുറ്റവിമുക്തനാക്കി. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശശിയെ കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
വിധി പകര്‍പ്പ്

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ടിഎന്‍ സജീവ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
വിധി പകര്‍പ്പ്

കേസില്‍ നടത്തിയ അന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, താന്‍ പത്രദൃശ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ പരാതിക്കാരന്‍ വ്യക്തമാക്കിയത്. പി ശശി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളോട് പരാതിക്കാരന്‍ അത്രനല്ല ബന്ധത്തിലല്ലെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളുന്നതായും കോടതി വിധിയില്‍ പറയുന്നു.
അന്വേഷണറിപ്പോര്‍ട്ട്

തങ്ങള്‍ക്ക് പരാതിയില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരന്‍ അന്വേഷണറിപ്പോര്‍ട്ടില്‍ തൃപ്തനല്ല. അന്വേഷണ റിപ്പോര്‍ട്ട് സത്യത്തിന് എതിരും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും ഇര ഇപ്പൊഴും പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നെങ്കില്‍ പരാതിക്കാരന് ഇരയെ കോടതി മുമ്ബാകെ ഹാജരാക്കി അത് തെളിയിക്കാവുന്നതാണ്. എന്നാല്‍ പരാതിക്കാരന്‍ അതിന് തയ്യാറല്ല. ഇരയെന്ന് പറയപ്പെടുന്ന വ്യക്തി പ്രായപൂര്‍ത്തിയാകാത്ത ആളല്ല. വിവാഹിതയാണ്. പരാതി വ്യാജമാണെന്നും ഇരയ്ക്ക് പരാതിയില്ലെന്നും അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇരയെ കോടതി മുമ്ബാകെ വിളിച്ചുവരുത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാകും. അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് പരാതി തള്ളുകയാണ്. കോടതി വിധിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *