ലൈംഗികാതിക്രമ കേസിൽ നോട്ടീസ് നൽകുന്നതിൽ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥൻ ആയിരം മരം നടണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി


ഭോപ്പാൽ: കോടതി പുറപ്പെടുവിച്ച ഉത്തരവ് പരാതിക്കാരിക്ക് സമയത്തിന് നൽകാൻ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ആയിരം മരം നടാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. സ്ടന നഗരത്തിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രവീന്ദ്ര ദ്വിവേദിയോടാണ് ഹൈക്കോടതി മരം നടാൻ ആവശ്യപ്പെട്ടത്. മാവ്, പേരയ്ക്ക അടക്കമുള്ള ആയിരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണ് നിർദേശം.


ലൈംഗികാതിക്രമക്കേസിൽ കോടതി പുറപ്പെടുവിച്ച നോട്ടീസ് അതിജീവിതയ്ക്ക് നൽകാൻ വൈകിയതിനാലാണ് ഈ ശിക്ഷ. ഹൈക്കോടതി ജസ്റ്റിസുമാരായ വിവേക് അഗർവാൾ, അരവിന്ദ്ര കുമാർ സിങ് എന്നിവരാണ് രവീന്ദ്ര ദ്വിവേദിയോട് മരം നടാൻ നിർദേശിച്ചത്. നോട്ടീസ് കൈമാറാൻ വൈകിയതിൽ രവീന്ദ്ര കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. രവീന്ദ്ര ദ്വിവേദി അതിജീവിതയ്ക്ക് 5000 നൽകണമെന്നും ഇൻസ്‌പെക്ടർ ജനറൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള രണ്ട് മാസക്കാലയളവിൽ ആയിരം മരം നട്ടുപിടിപ്പിക്കാൻ കോടതി നിർദേശിച്ചത്. ഇൻസ്പെകടർ ജനറൽ നിർദ്ദേശിച്ച പണം നൽകാമെന്നും ദ്വിവേദി സമ്മതിച്ചിരുന്നു.


മരം നാട്ടു കഴിഞ്ഞ് വെറുതെ പോകരുതെന്നും കോടതി പറഞ്ഞു. അവയുടെ ചിത്രമെടുത്ത് കംപ്ലയ്ൻസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. എസ്പി അശുതോഷ് ഗുപ്തയോട് കൃത്യമായി ഇത് നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടു. മരം നടാനുള്ള എല്ലാ ചിലവും രവീന്ദ്ര ദ്വിവേദി വഹിക്കണം.



Sharing is Caring