ലീഗിലെ പലര്‍ക്കും ഷാജിയെ ഭയം; രാഷ്ട്രീയപ്രവര്‍ത്തനം കള്ളപ്പണ സമ്പാദനത്തിനുള്ള മറയെന്ന് ഡിവൈഎഫ്‌ഐ

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കള്ളപ്പണം കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഷാജിയുടെ വന്‍ കള്ളപ്പണ ഇടപാടുകളുടെ ഒരംശം മാത്രമാണിത്. ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഷാജി സമ്പാദിച്ചത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുമ്പോള്‍ മുതല്‍ ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഷാജി തന്നെ നല്‍കിയ സ്വത്തുവിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ ആഴം മനസിലാകുമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വിഷയം ഡിവൈഎഫ്‌ഐ മുമ്പും ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് അരക്കോടിയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടനവധി അനധികൃത ഇടപാടുകള്‍ ഷാജി നടത്തിയിട്ടുള്ളതായി ഇതിനകംതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും കള്ളപ്പണ സമ്പാദനത്തിനുമുള്ള മറയായാണ് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം മാറിക്കഴിഞ്ഞെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

ഷാജിയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ ബിനാമി ഇടപാടുകളെക്കുറിച്ചോ ഒരക്ഷരം പ്രതികരിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഇത്തരം കള്ളപ്പണ ഇടപാടുകളെ തിരുത്താന്‍ സാധിക്കാന്‍ കഴിയാത്തവിധം മുസ്ലിംലീഗ് രാഷ്ട്രീയമായും ദുര്‍ബലമായിക്കഴിഞ്ഞു. ലീഗ് നേതൃത്വത്തിലെ പലര്‍ക്കും ഷാജിയെ ഭയമാണ്. തങ്ങളുടെ നിയമവിരുദ്ധ സമ്പാദ്യങ്ങളെക്കുറിച്ച് ഷാജി വിളിച്ചുപറയുമെന്ന ഭയമാണവര്‍ക്ക്. വീട്ടില്‍നിന്നുതന്നെ അരക്കോടി പിടിച്ചെടുത്ത സംഭവത്തിലെങ്കിലും മുസ്ലിലീഗ് പ്രതികരിക്കാന്‍ തയാറാകണം. ഈ സംഭവത്തില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നിയനടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *