ലിവര്‍പൂള്‍: ലിവര്‍പൂളിന്റെ ചാമ്ബ്യന്‍സ് ലീഗ് കിരീട നേട്ടത്തെ തകര്‍ത്തെറിഞ്ഞ റയലിന്റെ ,സെര്‍ജിയോ റാമോസിനെതിരെ കായികപ്രേമികളുടെ കലിപ്പ് അടങ്ങുന്നില്ല. ലിവര്‍പൂളിന്റെ മാത്രമല്ല, ഈജിപ്തിന്റെ ലോകകപ്പ് മോഹങ്ങളെയും കൂടിയാണ് റാമോസ് തകര്‍ക്കാന്‍ ശ്രമിച്ചത്. ചാമ്ബ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിനെ ഫൗള്‍ ചെയ്ത് റയല്‍ പ്രതിരോധ താരം റാമോസ് വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ് വീണ സലഹിന് കളി തുടരാനാകാതെ ഗ്രൗണ്ട് വിടേണ്ടിയും വന്നു. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതോടെ റാമോസിനെതിരെ വലിയ പ്രതിഷേധമാണ് ലോകമെങ്ങും അരങ്ങേറിയത്. റാമോസിനെ കളിയില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം ഒപ്പുകളാണ് സലാഹ് ആരാധകര്‍ ശേഖരിച്ചത്.എന്നാല്‍ ഗുരുതര പരിക്കേറ്റെങ്കിലും റാമോസിനെ സലഹ് കുറ്റപ്പെടുത്തുന്നില്ലെന്ന വെളിപ്പെടുത്തലുമായി ലിവര്‍പൂള്‍ ടീം ഫിസിയോ റൂബന്‍ പോന്‍സ് രംഗത്ത് വന്നു.

‘റാമോസുമായി സലാഹിന് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ആകസ്മികമായി സംഭവിച്ച ചലഞ്ചാണത്’. റൂബനെ ഉദ്ധരിച്ച് ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ആരാധകരുടെ ആശങ്കകള്‍ അവസാനിപ്പിച്ച് ലോകകപ്പില്‍ സലഹ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലോകകപ്പില്‍ കളിക്കാനാകുമെങ്കിലും ഉറുഗ്വേയ്ക്കെതിരായ ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ സലഹ് കളിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.












